05:11am 11 November 2026
NEWS
ഓഡിഷനിടെ തന്നോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി നടി
25/07/2025  10:56 AM IST
nila
 ഓഡിഷനിടെ തന്നോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി നടി

ഒരു അന്താരാഷ്ട്ര പ്രൊജ്ക്റ്റിനായുള്ള ഓഡിഷനിടെ തന്നോട് നിർമാതാക്കാൾ വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി നടി ജെയ്മി ലിവർ. വീഡിയോ കോൾ വഴിയായിരുന്നു ഓഡിഷനെന്നും താരം വ്യക്തമാക്കി. ജീവിതത്തിൽ ആദ്യമായാണ് തനിക്ക് അങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നതെന്നും ജെയ്മി പറയുന്നു. ആ സമയം താൻ ഭയന്നുപോയിരുന്നെങ്കിലും വസ്ത്രം അഴിക്കാൻ താൻ തയ്യാറായില്ലെന്നും താരം വ്യക്തമാക്കി. കാസ്റ്റിങ്ങിന്റെ മറവിൽ ഇത്തരത്തിൽ സ്ത്രീകൾ വഞ്ചിതരാകുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടുന്നു. നടൻ ജോണി ലിവറിന്റെ മകളാണ് ഹാസ്യതാരമായ ജെയ്മി ലിവർ. 

ജെയ്മിയുടെ വാക്കുകൾ ഇങ്ങനെ: 

'വീഡിയോ കോൾ വഴി ഓഡിഷൻ നടത്താമെന്ന് അവർ പറഞ്ഞിരുന്നു. ഒരു അന്താരാഷ്ട്ര പ്രൊജക്റ്റായതിനാൽതന്നെ അതിന്റെ ആവേശത്തിലായിരുന്നു ഞാൻ. എല്ലാം ലൈവ് ആയി ചെയ്യുന്നതുകൊണ്ട് സ്‌ക്രിപ്‌റ്റൊന്നും നൽകിയിരുന്നില്ല. അവർ പറഞ്ഞ സമയത്ത് സൂം വീഡിയോ കോളിൽ കയറാനുള്ള ലിങ്ക് എനിക്ക് ലഭിക്കുകയും ഞാൻ അതിൽ കയറുകയും ചെയ്തു. സംവിധായകൻ എന്നോട് നേരിട്ട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ താൻ യാത്രയിലാണെന്നും വീഡിയോ ഓൺ ചെയ്യാൻ കഴിയില്ലെന്നും അയാൾ പറഞ്ഞു.

'ഇതൊരു അന്താരാഷ്ട്ര സിനിമയാണ്. ഇതിലേക്ക് ഞങ്ങൾ കാസ്റ്റിങ് നടത്തുകയാണ്. നിങ്ങളുടെ ശാരീരികമായ യോഗ്യതകൾ ഇതിന് തികച്ചും അനുയോജ്യമാണ്. ഒരു ബോൾഡ് കഥാപാത്രം ആയിരിക്കും. ഇതിൽ കോമഡി ഒന്നും ഉണ്ടാകില്ല.'- അയാൾ പറഞ്ഞു. പുതുതായി എന്തെങ്കിലും പരീക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. ഞാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, 'നിങ്ങളുടെ മുന്നിൽ 50 വയസ്സുള്ള ഒരാളുണ്ടെന്നും നിങ്ങൾ അയാളെ വശീകരിക്കാൻ ശ്രമിക്കുകയാണെന്നും സങ്കൽപ്പിക്കുക. ഒടുവിൽ നിങ്ങൾക്കിടയിലെ ബന്ധം വളരും. നിങ്ങൾ വളരേയധികം ക്ലോസ് ആകും.' അയാൾ അഭിനയിക്കേണ്ട രംഗം പറഞ്ഞു. ഇതിൽ ഞാൻ അസ്വസ്ഥത പ്രകടിപ്പിച്ചു. സ്‌ക്രിപ്റ്റ് വേണമെന്ന് പറഞ്ഞു. എന്നാൽ സ്‌ക്രിപ്റ്റ് ഇല്ലെന്നും എല്ലാം ഇംപ്രൊവൈസേഷൻ ആണെന്നും അയാൾ പറഞ്ഞു.

ഈ രംഗത്തിൽ വസ്ത്രം അഴിക്കേണ്ടി വരികയാണെങ്കിൽ അതിന് മടിക്കരുതെന്നും അയാൾ പറഞ്ഞു. ഈ സംസാരം എനിക്ക് ഒട്ടും സുഖകരമായി തോന്നിയില്ല. പക്ഷേ അയാൾ ആ രംഗം ചെയ്യാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഈ വീഡിയോ കോളിൽ ഞാൻ വസ്ത്രം അഴിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ എനിക്ക് അതിൽ താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഇതേ കുറിച്ച് എന്നോട് നേരത്തെ പറഞ്ഞിട്ടില്ലെന്നും ഞാൻ പറഞ്ഞു. ഞാൻ എന്റെ വീഡിയോ ഓഫും ചെയ്തു. അതൊരു തട്ടിപ്പായിരുന്നെന്ന് ആ സമയത്താണ് ഞാൻ തിരിച്ചറിഞ്ഞത്.'-

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img